നിലവില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് എംപി പി ടി തോമസ് വീണ്ടും അവിടെ ജയിക്കാന്‍ ഒരു ജന്മം കൂടി ജനിക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ്. നേരത്തേ കേരള കോണ്‍ഗ്രസിന്റെ (എം) ഇടുക്കി സീറ്റിലെ അവകാശവാദശത്തിനെതിരേ പി ടി തോമസ് ശക്‌തമായി രംഗത്തുവന്നിരുന്നു. പി ടി തോമസ് തൃശൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ജയസാധ്യതയുണ്ടെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വ്യാപാര-വ്യവസായി ഏകോപന സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
എന്നാല്‍ ഇടുക്കി സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ഫ്രാന്‍സിസ് ജോര്‍ജ് അവകാശവാദമുന്നയിക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ജയിച്ചയാളെ മാറ്റി തോറ്റയാള്‍ മത്സരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 1999 മുതല്‍ 2009 വരെയുള്ള പത്തു വര്‍ഷം ഇടുക്കി എംപിയായിരുന്നയാളാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസിന് വേണ്ടി അവകാശവാദമുന്നയിച്ച ബിഷപ്പിന്റെ വ്യക്‌തിത്വം നഷ്‌ടമായെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്നലെ സീറ്റ് കിട്ടിയില്ലെങ്കില്‍ ഇടുക്കിയില്‍ സൗഹൃദമത്സരത്തിനു തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ആന്റെണി രാജു പറഞ്ഞത് വിവാദമായിരുന്നു. മാണിയും പി സി ജോര്‍ജും പി ജെ ജോസഫും ഈ നിലപാട് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെയും ജോസഫ് വിഭാഗത്തെയും പ്രകോപിപ്പിക്കുന്ന പ്രസ്‌താവനകളുമായി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.