ഹൌസ് ബോട്ടുകളില്‍ തീപിടുത്തം: ഒരു മരണം

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2012 (09:04 IST)
PRO
PRO
ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടുകളിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ പൊള്ളലേറ്റു മരിച്ചു. ബോട്ടിലെ താല്‍ക്കാലിക ജീവനക്കാരനായ കാവാലം സ്വദേശി ഷെറിന്‍ ആണ്‌ മരിച്ചത്‌. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് തീ പിടിത്തം ഉണ്ടായത്

ആലപ്പുഴ പുന്നമടയിലെ ഫിനിഷിംഗ് പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന കേരളാ ട്രയല്‍സ്‌ എന്ന ബോട്ടിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്ന്. തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബോട്ടിന് കൂടെ തീ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് ബോട്ടുകള്‍ മാറ്റിയതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

അപകടം ഉണ്ടായ ഉടനെ ജീവനക്കാര്‍ വെള്ളത്തിലേക്ക്‌ ചാടി. ഷെറിന്‍ കൂടെ ഇല്ലാത്തത്‌ ആരും ശ്രദ്ധിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ്‌ ഷെറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. ബോട്ടിലെ ഗ്യാസ് സിലിണ്ടറിനുണ്ടായ ലീക്കേജാണ് അപകടമുണ്ടാകാന്‍ കാരണമെന്ന്‌ വിലയിരുത്തപ്പെടുന്നു.