ഹര്‍ത്താല്‍: നടപടി വ്യക്തമാക്കണം

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2007 (15:52 IST)
WDWD
ഹര്‍ത്താല്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശം.

ഹര്‍ത്താല്‍ തടയണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാ‍നാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ വാദം കൂടി പരിഗണിച്ചിട്ടേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാവൂവെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വീ‍ണ്ടും വാദം കേള്‍ക്കും.

അതിനിടെ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ രീതിയെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചു. ഹര്‍ത്താലിനെതിരെ കഴിഞ്ഞ ദിവസം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതീ‍വ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് കെ.ടി.ശങ്കരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിലപാടുകളെടുത്തത്.