സ്വാശ്രയം: പിന്തുണയ്ക്കേണ്ടെന്ന് സിപി ഐ

Webdunia
ബുധന്‍, 29 ജൂലൈ 2009 (10:16 IST)
PRO
PRO
സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളുമായി സംസ്ഥാനസര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സി പി ഐ തീരുമാനിച്ചു. രണ്ടു ദിവസമായി തിരിവനന്തപുരത്ത് ചേര്‍ന്ന സി പി ഐ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ മന്ത്രി ബിനോയ് വിശ്വത്തിനെതിരെയും ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു. പാര്‍ട്ടി നിലപാട്‌ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബിനോയ്‌ വിശ്വം പരാജയപ്പെട്ടുവെന്ന് അംഗങ്ങള്‍ ആരോപിച്ചു. സ്വാശ്രയ കോളജ്‌ മാനേജ്മെന്‍റ് അസോസിയേഷനുകളുമായി ചര്‍ച്ചയ്ക്ക്‌ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയിലെ പാര്‍ട്ടി പ്രതിനിധിയായ ബിനോയ്‌ വിശ്വം, പാര്‍ട്ടിയുടെ നയങ്ങളും, നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.

എന്നാല്‍, മന്ത്രിസഭാ ഉപസമിതിയുടെ പല യോഗങ്ങളിലും പങ്കെടുക്കാന്‍ തനിക്ക് സാധിക്കാതിരുന്നതിനാല്‍ കാര്യങ്ങള്‍ വേണ്‌ട വിധം മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്ന്‌ ബിനോയ്‌ വിശ്വം വിശദീകരിച്ചു. സ്വാശ്രയ പ്രശ്നത്തില്‍ പാര്‍ട്ടി നേതൃത്വവും മന്ത്രി ബിനോയ്‌ വിശ്വവും വീഴ്ച വരുത്തിയതായും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രിത പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റ്‌ സീറ്റിലെ കൂടിയ ഫീസ്‌ നിരക്ക്‌ ഉടന്‍ കുറയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോകേണ്‌ടതില്ലെന്നും യോഗത്തില്‍ ധാരണയായി.