സ്വാശ്രയം: ഇടതുമുന്നണിയോഗം ചര്‍ച്ച ചെയ്യും

Webdunia
PRO
PRO
മുന്നണിക്കുള്ളിലും പുറത്തും വിവാദമായ സാഹചര്യത്തില്‍ സ്വാശ്രയ പ്രശ്നം അടുത്ത മാസം എട്ടിന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് വിടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസം നില നില്‍ക്കുന്ന സാഹചര്യത്തിലാണിത്.

സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന്‌ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭാ യോഗങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കരാറിനെതിരെ മുന്നണിയിലെ ഘടകക്ഷികളും, വിദ്യാര്‍ത്ഥി സംഘടനകളും പരസ്യമായി നിലപാടെടുത്ത സാഹചര്യത്തില്‍ എട്ടിന് നടക്കുന്ന മുന്നണി യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയും പ്രശ്നം ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി നിര്‍ദ്ദേശിച്ചു. ഇടതുമുന്നണിയോഗം ചേരുന്നതിന്‌ മുന്‍പായി വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി എം എ ബേബി ചര്‍ച്ച നടത്തും.

അതേസമയം പുതിയ സ്വാശ്രയ നിയമം വേണമെന്ന ആവശ്യത്തില്‍ സി പി ഐ ഉറച്ചു നില്‍ക്കുകയാണ്. കരാറിലെ വ്യവസ്ഥകള്‍ ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്നും ഇതിനാല്‍ പിന്തുണയ്ക്കേണ്‌ടെന്നുമാണ്‌ കഴിഞ്ഞ ദിവസം ചെര്‍ന്ന സി പി ഐ സംസ്ഥാന നിര്‍വ്വാഹകസമിതി തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.