സ്റ്റേഷനറിക്കടയുടെ പൂട്ട് പൊളിക്കുന്നതിനിടെ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2013 (11:51 IST)
PRO
സ്റ്റേഷനറിക്കടയുടെ പൂട്ട് പൊളിക്കുന്നതിനിടെ അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളിയും പൊലീസ് പിടിയിലായി. കൊല്ലം പായിക്കട കല്ലുപാലത്തിനടുത്തെ കട കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തമിഴ്നാട് തൂത്തുക്കുടി കോവില്‍പ്പട്ടി വില്ലിശ്ശേരി സ്വദേശി ചുടലൈമണി (31) കൂട്ടാളി കുണ്ടറ കരീപ്ര പ്ലാക്കോട് കിണറുവിള വീട്ടില്‍ ദിലീപ് എന്നിവരാണു പിടിയിലായത്.

നിരവധി കേസുകളില്‍ പ്രതിയായ ചുടലൈമണി മുമ്പും പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് ഈസ്റ്റ് പൊലീസ് വെളിപ്പെടുത്തി. പ്രതികളുടെ പക്കല്‍ നിന്ന് ഭവനഭേദനത്തിനുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, വര്‍ക്കല എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ചുടലൈമണിക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് എസ് ഐ ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.

പതിനാറു മാസത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ മാസം 30 നു പുറത്തിറങ്ങിയ ചുടലൈമണി കൊല്ലം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ആരംഭിച്ച അവസരത്തിലാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.