സ്ത്രീത്വത്തെ അപമാനിച്ചു; വി എസ് അച്യുതാനന്ദനും കെ സുരേന്ദ്രനുമെതിരെ സരിത എസ് നായര്‍ കേസ് കൊടുക്കും

Webdunia
ശനി, 23 നവം‌ബര്‍ 2013 (12:38 IST)
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ കേസ് കൊടുക്കുനമെന്ന് റിപ്പോര്‍ട്ട്.

ബിജു രാധാകൃഷ്ണന്‍, ബിജുവിന്റെ അഭിഭാഷകന്‍ അഡ്വ ജേക്കബ് മാത്യു എന്നിവര്‍ക്കെതിരെയും സരിത എറണാകുളം നോര്‍ത്ത് പോലീസില്‍ കേസ് കൊടുക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വ ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സരിതയും മന്ത്രിമാരുമുള്ള വീഡിയോദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്കാണ് ഇവര്‍ക്കെതിരെ കേസ് കൊടുക്കുന്നത്. ഇവര്‍ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണെന്നും കാണിച്ചാണ് പരാതി നല്‍കുന്നതെന്ന് അട്ടക്കുളങ്ങര സബ് ജയിലില്‍ സരിതയെ സന്ദര്‍ശിച്ച ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രിമാരും സരിതയുമായുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും ബിജു പറഞ്ഞാല്‍ പുറത്തുവിടുമെന്നുമാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ ജേക്കബ് മാത്യു പറഞ്ഞത്.

ജാമ്യം ലഭിച്ച പുറത്തിറങ്ങിയാല്‍ സരിത എല്ലാം മാദ്ധ്യമങ്ങളോട് പറയും. അതിന് അവര്‍ക്ക് ഭയമൊന്നുമില്ല. സരിത പറഞ്ഞാല്‍ 21 പേജുള്ള മൊഴി പുറത്തുവിടുമെന്നും ഫെനി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സരിത ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി മൊഴി നല്‍കിയ അഡീഷണല്‍ സിജെഎമ്മിനെതിരെ ഹൈക്കോടതിക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്നും ഫെനി വിശദമാക്കി.