ട്രെയിന്‍ യാത്രയ്ക്കിടെ സൌമ്യ എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ അതിവേഗ കോടതി ഈ മാസം 31ന് വിധി പറയും. കേസിന്റെ വിചാരണ ചൊവ്വാഴ്ച പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച ഡോ. ഉന്‍മേഷിനെതിരെയുള്ള ഹര്‍ജി കോടതി അന്ന് പരിഗണിക്കും. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയില്‍ നിന്ന് ഷോര്‍ണ്ണൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിച്ചിരുന്ന സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കോയമ്പത്തൂര്‍ ഉക്കടം പൂക്കടത്തെരുവ് സ്വദേശി ഗോവിന്ദസ്വാമിയാണ് കേസിലെ പ്രതി.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സൗമ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.