സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണനും ശാലു മേനോനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2013 (12:24 IST)
PRO
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു ബിജു രാധാകൃഷ്ണനും ശാലു മേനോനുമെതിരേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് ഒരു കോടി രൂപ തട്ടിയെന്ന കേസിലാണ് കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണു ബിജുവിനും ശാലുവിനും എതിരെ ചുമത്തിയിട്ടുള്ളത്.

ശാലു മേനോന്റെ അമ്മ കലാദേവിയും കേസില്‍ പ്രതിയാണ്. തട്ടിപ്പുകേസില്‍ പൊലീസ് അന്വേഷിക്കുമ്പോഴും ബിജുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് കലാദേവിക്കെതിരെയുള്ള കേസ്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍നിന്നു പണം തട്ടിയെന്നാണ് കേസ്. ഇതേ കേസില്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ബിജു രാധാകൃഷ്ണന്‍ തമിഴ്നാട്ടിലേക്ക് രക്ഷപെട്ടത്.