കോടതിയില്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച സോളാര്‍ കേസിന്റെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയില്ലെന്ന് സൂചന. കേസ് ഡയറിയില്‍ മാത്രമേ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളൂ.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍നായരില്‍നിന്ന് പണം തട്ടിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
239 പേജുള്ള കുറ്റപത്രത്തോടൊപ്പം നൂറു രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 40 സാക്ഷികളാണുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ ആറു പ്രധാനതൊണ്ടികളാണുള്ളത്.
കേസില്‍ സരിത എസ് നായര്‍ ഒന്നാം പ്രതിയാണ്. ബിജു രാധാകൃഷ്ണന്‍ , മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെനി ജോപ്പന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇവരുടെയെല്ലാം ഫോണ്‍രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ സരിത കൈപ്പറ്റിയെന്നാണ് കേസ്. മുഖ്യമന്ത്രിയെ സരിതയ്‌ക്കൊപ്പം പോയി കണ്ടശേഷമാണ് അവസാന ഗഡു തുക കൈമാറിയതെന്ന ശ്രീധരന്‍ നായരുടെ വാദം വലിയ വിവാദം ഉണ്ടാക്കിയിരുന്നു.
കേസില്‍ വാദിയായ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മുമ്പ് നല്‍കിയ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളാണ് ഇതിലും ആവര്‍ത്തിച്ചതെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കി. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി: ബി പ്രസന്നന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.