സോളാര്‍ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

Webdunia
ബുധന്‍, 31 ജൂലൈ 2013 (15:18 IST)
PRO
സോളാര്‍ കേസിലെ പൊലീസ് അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. പൊലീസ് അന്വേഷണം തുടരട്ടെയെന്നും കോടതി നിര്‍ദ്ദേശിച്ചു. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.

കേസില്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസിലെ പൊതുതാല്പര്യം എന്താണെന്ന് ചോദിച്ച കോടതി,​ സര്‍ക്കാരിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഹര്‍ജിക്കാരന്റെ അഭിഭാഷകന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള പൊതുതാല്‍പര്യമെന്തെന്നും കോടതി ആരാഞ്ഞു. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുന്നതിനാണ് മാറ്റിയത്.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.