സോണിയാ ഗാന്ധി വിളിപ്പിച്ചു; ചെന്നിത്തലയും ഡല്‍ഹിക്ക്

Webdunia
വ്യാഴം, 6 ജൂണ്‍ 2013 (14:30 IST)
PRO
PRO
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വിഷയത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം സ്വീകരിക്കും. കെ‌പി‌സി‌സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു എന്ന വാര്‍ത്ത ചെന്നിത്തല നിഷേധിച്ചു.

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹവും തമ്മില്‍ നടന്ന മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. തന്റെ നിലപാട് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് ഹൈക്കമാന്റ് അനുമതിയോടെ അദ്ദേഹം അത് പരസ്യമായി പറയും.

ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഇതോടെ ചര്‍ച്ചയില്‍ തീരുമാനമാകാതെ ഇരുവരും പിരിയുകയായിരുന്നു. ആഭ്യന്തരം ഇല്ലെങ്കില്‍ മന്ത്രിസഭയിലേക്ക് വരേണ്ടതില്ല എന്ന തീരുമാനത്തിലാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

പ്രതിരോധമന്ത്രി എകെ ആന്റണി വിദേശയാത്രകഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. തുടര്‍ന്നായിരിക്കും തീരുമാനമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി നേതാക്കളെയും അറിയിച്ചു. അതുവരെ പരസ്യപ്രസ്താവനകള്‍ പാടില്ലെന്നും മിസ്ത്രി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിന് ഉമ്മന്‍‌ചാണ്ടി ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് അദ്ദേഹം ചെന്നിത്തലയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്. പക്ഷേ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.