സൈബര്‍ സിറ്റിക്കുള്ള സ്ഥലം മറിച്ചു വില്‍ക്കാന്‍ നീക്കം

Webdunia
ബുധന്‍, 5 ജൂണ്‍ 2013 (19:16 IST)
PRO
കൊച്ചി കളമശ്ശേരിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള സ്ഥലം മറിച്ചു വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. എച്ച് എം ടിയില്‍ നിന്ന് വാങ്ങിയ ഭൂമി എച്ച് ഡി ഐ എലാണ് മറിച്ചു വില്‍ക്കുന്നത്. എച്ച് ഡി ഐ എല്‍ സ്ഥലം വില്‍ക്കുന്നതിനുള്ള പരസ്യങ്ങള്‍ മലയാളം പത്രങ്ങളില്‍ നല്‍കുകയും ചെയ്തു.

എളമരം കരീം വ്യവസായ വകുപ്പു മന്ത്രിയായിരുന്ന കാലത്ത് 2002ല്‍ സെന്റിന് 1,34000 രൂപ നിരക്കിലായിരുന്നു എച്ച് എം ടിയില്‍ നിന്ന് എച്ച് ഡി ഐ എല്‍ വാങ്ങിയത്. അന്ന് ഈ ഇടപാട് വിവാദമായായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഭൂമി കൈമാറ്റത്തെ എതിര്‍ക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.

എച്ച് ഡി ഐ എല്‍ ഇപ്പോള്‍ സെന്റിന് എട്ടു ലക്ഷം രൂപയ്ക്കാണ് ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നത്. ‍ഒന്നിച്ചോ ഭാഗികമായോ ഭൂമി വില്‍ക്കുമെന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്.

സൈബര്‍ സിറ്റി പദ്ധതിയുടെ നടത്തിപ്പുകാര്‍ ബ്ലൂ സ്റ്റാര്‍ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയാണ്. വ്യാവസായിക ആവശ്യത്തിനായി വാങ്ങിയ ഭൂമി മറിച്ചു വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.