സൂര്യനെല്ലി കേസില്‍ ഇരയുടെ വാദം കേള്‍ക്കാതെ പിജെ കുര്യനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (12:52 IST)
PRO
PRO
സൂര്യനെല്ലി കേസില്‍ ഇരയുടെ വാദം കേള്‍ക്കുന്നതിന് മുമ്പ് പിജെ കുര്യനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി. പി ജെ കുര്യനെ കേസില്‍ കുറ്റവിമുക്തനാക്കിയത് പുനഃപരിശോധിക്കണമെന്ന് കാണിച്ച് സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈകേസിന്റെ പ്രാഥമിക വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് പി ഭവദാസന്റെ പരാമര്‍ശം.

2006 ലാണ് സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. ഈ ഉത്തരവ് തിരിച്ചു വിളിക്കണമെന്നും തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കാവൂ എന്ന് ആവശ്യപ്പെട്ടാണ് സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. പി ജെ കുര്യനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടി കക്ഷിയാക്കിയിരുന്നില്ല.

നിലവില്‍ പി ജെ കുര്യനെതിരെ സൂര്യനെല്ലി കേസില്‍ പരാമര്‍ശമുണ്ടാകുമ്പോള്‍ 2006ലെ വിധിയാണ് കോടതികള്‍ മുഖവിലക്കെടുത്തിട്ടുള്ളത്. അത്രയേറെ പ്രാധാന്യമുള്ള വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇരയുടെ ഭാഗം കൂടി കേള്‍ക്കണമെന്ന പരാമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. പെണ്‍കുട്ടിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.