'സൂര്യകിരീടം വീണുടഞ്ഞു' - ഐ വി ശശിക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (13:37 IST)
അന്തരിച്ച സംവിധായകൻ ഐ വി ശശിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് താരങ്ങൾ.
'മലയാള സിനിമയുടെ ലെജൻഡായിരുന്നു ഐ വി ശശി സർ. അദ്ദേഹമിനി ജീവിച്ചിരിപ്പില്ലെന്ന വാർത്ത വിഷമമുണ്ടാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. മുൻപൊരിക്കലും മറ്റൊരാളും ചെയ്യാത്ത, മലയാള സിനിമയിൽ കച്ചവടവും കലയും തമ്മിലുള്ള അന്തരം അദ്ദേഹം ഉറപ്പിച്ചു.
കാലഘട്ടത്തിനനുസരിച്ച് സിനിമയെടുക്കുന്ന സംവിധായകൻ ആയിരുന്നു. ഇന്ത്യൻ സിനിമാ വ്യവസായത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. തീർച്ചയായും അദ്ദേഹത്തെ മിസ് ചെയ്യും.' - നിവിൻ പോളി
'ആർ ഐ പി ശശി അങ്കിൾ. അദ്ദേഹം തന്റെ സിനിമകളിലൂടെ മലയാള സിനിമയിൽ ഒരു യുഗം തന്നെ സൃഷ്ടിച്ചു. കുട്ടിക്കാലം മുതലുള്ള ഒരുപാട് ഓർമകളുണ്ട് അദ്ദേഹത്തെ കുറിച്ച് ഓർമിക്കുവാൻ' - ദുൽഖർ സൽമാൻ
'പ്രൈമറിക്ലാസിൽ പഠിക്കുമ്പോൾ വെക്കേഷൻ കാലത്ത് അമ്മവീട്ടിൽ പോയി അവിടുന്ന് ചാടി അൻപത് കിലോമീറ്റർ ദൂരെ കോഴിക്കോട് അപ്സരയിൽ പോയി ഇൻസ്പെക്ടർ ബൽറാം കണ്ടത് ഓർക്കുന്നു.
കത്തിയായതിനാൽ പൊളിഞ്ഞ് പാളീസായ നീലഗിരി ആദ്യത്തെ രണ്ടുദിവസവും അടുപ്പിച്ച് മല്ലുക്കെട്ടിതെരക്കിക്കേറി ഷർട്ട് പിഴിഞ്ഞ് സീറ്റിലിട്ട് കണ്ട് രോമാഞ്ചിച്ചതോർക്കുന്നു.
കൊടുംബുദ്ധിജീവിയായിരുന്ന കാലഘട്ടത്തിൽ ദേവാസുരം പോലൊരു കൾട്ട് ക്ലാസിക്ക് ഇഷ്ടപ്പെടാനാവാതെ ഇന്റർവലിന് ഇറങ്ങിപ്പോന്നതോർക്കുന്നു. അങ്ങനെയങ്ങനെ തീരാത്ത ഓർമ്മകൾ.ഷോമാൻ എന്ന വാക്കിന് മലയാളസിനിമയിൽ ഇനിയൊരു അർഹനില്ലാന്ന് തോന്നുന്നു.
മരണം മാത്രമാണ് സത്യം.' - ശൈലൻ
'സിനിമയോടുള്ള പാഷൻ എന്റെ മനസ്സിൽ ആദ്യമുണ്ടാക്കിയ ചിത്രം ഉത്സവം ആണ്. അതിന്റെ സംവിധായകനാണ് അദ്ദേഹം. എന്നിലെ സിനിമാ കാഴചക്കാരനേയും എഴുത്തുകാരനേയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. റിയാലിറ്റിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു. ഐ വി ശശിയെന്ന അതുല്യ പ്രതിഭ മലയാള സിനിമയുടെ അഭിമാനമായിരുന്നു.' - രഞ്ജി പണിക്കർ
'ഏത് സമയത്തും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിനുള്ളിൽ. വലിയൊരു കലാകാരൻ ആയിരുന്നു. അദ്ദേഹത്തിനു കാൻസർ ഉണ്ടായിരുന്നു, എന്നാൽ മരണകാരണം എന്താണെന്ന് അറിയില്ല. സംവിധായകൻ എന്നാൽ അത് ഐ വി ശശി ആണ്. വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.' - ഇന്നസെന്റ്
'മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് ഒരു ലെജൻഡിനെയാണ്. രാവും പകലും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഉടനെ ഒരു ചിത്രം വരുമെന്ന് അടുത്തകാലത്ത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു' - മണിയൻപിള്ള രാജു
'പ്രിയസംവിധായകനു വിട' - ലാൽ ജോസ്
'ഐ വി ശശി എന്ന സംവിധായക പ്രതിഭക്ക് ആദരഞ്ജലികൾ' - ജോയ് മാത്യു
മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തയാളാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു.
1968ൽ എ വി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായായായിരുന്നു ഐ വി ശശിയുടെ തുടക്കം. ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് 1982 ൽ ആരൂഡത്തിന് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കി.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. മൃഗയ, അതിരാത്രം, ഇൻസ്പെകർ ബൽറാം, അവളുടെ രാവുകൾ, ദേവാസുരം, ഇതാ ഇവിടെ വരെ, അടിയൊഴുക്കുകൾ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തികൂടിയാണ് ഐ വി ശശി.