സീറ്റ് കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കും: പ്രേമചന്ദ്രന്‍

Webdunia
ഞായര്‍, 1 മാര്‍ച്ച് 2009 (17:39 IST)
PROPRO
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ്‌ ആര്‍ എസ് പിയ്ക്ക് കിട്ടിയില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. സീറ്റ്‌ കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് ആര്‍ എസ്‌ പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ളയും പറഞ്ഞു.

ആര്‍ എസ്‌ പി - സി പി എം ചര്‍ച്ചയ്ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഇരുവരും. സീറ്റ്‌ കിട്ടുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കാന്‍ ആര്‍ എസ്‌ പി ഇന്ന് ചേര്‍ന്ന അടിയന്തിര സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചിരുന്നു.

ഒഴിവുവന്ന രാജ്യസഭാസീറ്റ്‌ ആവശ്യപ്പെടാതിരുന്നതിനെക്കുറിച്ചും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ടി ജെ ചന്ദ്രചൂഡന്‌ സീറ്റ്‌ ലഭിയ്ക്കാതിരിയ്ക്കുന്നതിനായി ബോധപൂര്‍വ്വം എല്‍ ഡി എഫ്‌ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ മിണ്ടാതിരിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്‌.

എന്നാല്‍ ഇക്കുറി രാജ്യസഭാ സീറ്റ്‌ വേണ്ടെന്നുവെച്ചതു തന്നെ കൊല്ലം സീറ്റ്‌ കിട്ടാന്‍ വേണ്ടിയാണെന്ന്‌ ആര്‍എസ്പി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.