ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കാന്‍ ആര്‍ എസ് പി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തിര സെക്രട്ടേറിയറ്റില്‍ ആണ് ഈ തീരുമാനമുണ്ടാത്.
സി പി എമ്മുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ആര്‍ എസ് പി ഒരുങ്ങുന്നത്. സീറ്റ് കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിച്ചുകൊണ്‌ട് ശക്തമായ പ്രതിഷേധം അറിയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്. ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനാണ് സഭയിലെ ആര്‍ എസ് പി മന്ത്രി.
ഒഴിവുവന്ന രാജ്യസഭാസീറ്റ് ആവശ്യപ്പെടാതിരുന്നതിനെക്കുറിച്ചും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ടി ജെ ചന്ദ്രചൂഡന് സീറ്റ് ലഭിയ്ക്കാതിരിയ്ക്കുന്നതിനായി ബോധപൂര്‍വ്വം എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ മിണ്ടാതിരിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
എന്നാല്‍ ഇക്കുറി രാജ്യസഭാ സീറ്റ് വേണ്ടെന്നുവെച്ചതു തന്നെ കൊല്ലം സീറ്റ് കിട്ടാന്‍ വേണ്ടിയാണെന്ന് ആര്‍എസ്പി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.