സീപ്ലെയ്ന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നു പന്ന്യന്‍ രവീന്ദ്രന്‍

Webdunia
ഞായര്‍, 9 ജൂണ്‍ 2013 (13:03 IST)
PRO
സീപ്ലെയ്ന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പദ്ധതിക്കെതിരായ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനു സിപിഐയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

കായല്‍ മുഴുവന്‍ സ്വകാര്യ വ്യക്തികള്‍ വിഴുങ്ങുന്ന പദ്ധതിക്കാണു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. പദ്ധതി മൂലം നിരവധി പേര്‍ക്കു ജോലി നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.

സാധ്യതാപഠനവും പരിസ്ഥിതിപഠനവും നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റണം. തൊഴിലാളികളുടെ വികാരം മാനിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ അഷ്ടമുടി കായലിലും പുന്നമടയിലും വിമാനം ഇറങ്ങാനും ഉയരാനും അനുവദിക്കില്ലെന്നും കേരള ഫിഷറീസ് കോ - ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.