സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

Webdunia
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തൃശൂരില്‍ തുടക്കമാകും. കേന്ദ്ര കമ്മിറ്റിയംഗം സി.കെ ചന്ദ്രപ്പന്‍ വൈകിട്ട്‌ ഏഴരയ്ക്ക്‌ പതാക ഉയര്‍ത്തും.

സമ്മേളനത്തിന്‍റെ ഉദ്ഘാടനം മാര്‍ച്ച്‌ ഒന്നാം തീയതി രാവിലെ 10ന്‌ സി.പി.ഐ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ നിര്‍വഹിക്കും. 14 ജില്ലകളില്‍നിന്നുള്ള 538 പ്രതിനിധികള്‍ ഉള്‍പ്പെടെ 642 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇടതുപക്ഷ സര്‍ക്കാരിന്‍റെ യും സി.പി.ഐ. മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും.

ശക്തമായ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുക, വര്‍ഗ്ഗ-പൊതുജന പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുക തുടങ്ങിയ കാര്യങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. നാലാ തീയതി റെഡ്‌ വളണ്ടിയര്‍ മാര്‍ച്ചും തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച്‌ ബഹുജനറാലിയും നടക്കും.

ശക്തന്‍ തമ്പുരാന്‍ ബസ്സ്റ്റാന്‍ഡിലെ വി.വി. രാഘവന്‍ നഗറില്‍ റാലി എത്തിച്ചേരുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. അഖിലേന്ത്യാ സെക്രട്ടറി സുരവരം സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വെളിയം ഭാര്‍ഗ്ഗവന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായി നടന്ന ദീപശിഖാറാലിക്ക്‌ ആവേശകരമായ സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

എ.ഐ.വൈ.എഫ്‌. സംസ്ഥാന സെക്രട്ടറി പി.എസ്‌. സുപാലിന്റെ നേതൃത്വത്തിലുള്ള ദീപാശിഖാ റാലി വയലാര്‍ രക്തസാക്ഷി കുടീരത്തില്‍ നിന്നുമാണ് ആരംഭിച്ചത്. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെയും റെഡ്‌ വളണ്ടിയര്‍മാരുടെയും അകമ്പടിയോടെ രാത്രി 9 മണിയോടെ പോലീസ്സ്റ്റേഷന്‍ മൈതാനിയില്‍ എത്തിയ ദീപശിഖയെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റന്‍ പി.എസ്‌. സുപാല്‍, കെ.എസ്‌. അരുണ്‍, എ.കെ. ചന്ദ്രന്‍ എം.എല്‍.എ, കെ.ജി. ശിവാനന്ദന്‍, ഇ.ടി. ടൈസണ്‍, ഫാത്തിമ അബ്ദുള്‍ഖാദര്‍, സി.സി. വിപിന്‍ ചന്ദ്രന്‍, പി. രാജു, ചന്ദ്രസേനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ മണിപ്പൂരില്‍നിന്നുമുള്ള സാംസ്കാരിക സംഘത്തിന്‍റെ കലാപരിപാടികള്‍ നടന്നു.