സി പി എമ്മിന് തലവേദനായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള പോസ്റ്റര്‍ യുദ്ധം തുടരുന്നു. ഇരിങ്ങാലക്കുടയിലും ആറന്മുളയിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ആറന്മുളയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെതിരെ സേവ് സി പി എമ്മിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പാര്‍ട്ടിയെ മറന്ന് ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ജില്ലാ നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങളെ തിരിച്ചറിയണമെന്നും ഇവര്‍ പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ഇരിങ്ങാലക്കുടയില്‍ ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ജില്ലാ നേതൃത്വത്തിനെതിരെയാണ് പോസ്റ്റര്‍ പതിച്ചത്. ജില്ലാ സെക്രട്ടറിയുടെ മുന്‍കൂര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആരെ സഹായിക്കാന്‍, സി പി എം സംസ്ഥാന സമിതിയോ വലുത് ജില്ലാ സെക്രട്ടറിയോ വലുത്. സി പി എമ്മിനെ തകര്‍ക്കുന്ന സജി ചെറിയാന്‍ രാജിവയ്ക്കുക എന്നിങ്ങനെയുള്ള വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. അതേസമയം പ്രദേശിക ഘടകത്തിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെ സി കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.