സിപി‌എമ്മിന്റെ നടപടി പരിഹാസ്യമെന്ന് കെ കെ രമ

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (19:52 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിച്ചതിന്റെ പേരില്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യമായ സിപിഎം ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കെ സി രാമചന്ദ്രനെ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ ആരോപണ വിധേയരായ അംഗങ്ങളാണുള്ളത്. അവര്‍ തല്ലിക്കൂട്ടിയെടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഈ റിപ്പോര്‍ട്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന് രമ പറഞ്ഞു.

കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് കോടതി തന്നെ വിധിച്ച സാഹചര്യത്തിലാണ് വ്യക്തിവിരോധമെന്നു പറഞ്ഞ് റിപ്പോര്‍ട്ടുണ്ടാക്കി സിപിഎം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി ഈ റിപ്പോര്‍ട്ടിലൂടെ ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടും. പാര്‍ട്ടിയുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രമ ആരോപിച്ചു.