സിനിമാ- സംഗീത ലോകത്തുള്ള പ്രമുഖരില്ലാതെ കെ രാഘവന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2013 (16:37 IST)
PRO
സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി. രാവിലെ 11 മണിക്ക് തലശേരി ബിഇഎംപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയത്. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് പൂര്‍ണ ഔദ്യോഗിക ബഹുമതിളോടെ സംസ്‌കരിച്ചു.

സിനിമാ- സംഗീത ലോകത്ത് നിന്നുള്ളവര്‍ ചടങ്ങിനെ വേണ്ടത്ര പരിഗണിച്ചില്ലെന്നും ആരോപണമുയര്‍ന്നു. അസാന്നിധ്യം രാഘവന്‍ മാസ്റ്ററെ അപമാനിച്ചതിന് തുല്യമാണെന്ന് ശിഷ്യരും കുടുംബാംഗങ്ങളും പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് മഹാപ്രതിഭ സംഗീത ലോകത്തോട് വിടപറഞ്ഞത്. 1951ല്‍ പുറത്തിറങ്ങിയ പുള്ളിമാനാണ് രാഘവന്‍മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം.

നീലക്കുയിലിലെ ഗാനങ്ങളോട് കൂടിയാണ് രാഘവന്‍ മാസ്റ്ററുടെ മാന്ത്രികസംഗീതം മലയാളിക്ക് അനുഭവഭേദ്യമായത്. പി ഭാസ്‌കരന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ മലയാളിക്ക് സ്വന്തമായത് ഒരുപിടി നല്ല ഗാനങ്ങളാണ്.

രാഘവന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്ര ലോകത്ത് നിന്ന ആരുമെത്താത്തത് ശരിയായില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. എന്നാല്‍ സംഘടനയുടെ ആദരവ് കിട്ടേണ്ട കാര്യമില്ലെന്നും മലയാളി മനസ്സില്‍ ജീവിക്കുന്ന ആളാണ് രാഘവന്‍ മാസ്റ്ററെന്നും രഞ്ജിത്ത് പറഞ്ഞു.

നന്ദിയും കടപ്പാടുമൊന്നുമില്ലാത്ത മേഖലയാണ് സിനിമാ രംഗമെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അന്നന്നത്തെ രാജാക്കന്‍മാരുടെ ലോകമാണ് സിനിമയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

താരങ്ങളോ സംഗീത ലോകത്തെ ആളുകളോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്താതിരുന്നത് കടുത്ത അനാദരവാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

എന്നാല്‍ അവഗണിച്ചതല്ലെന്നും ദൂരക്കൂടുതലായതിനാലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകാതിരുന്നതെന്നും അനാദരവെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. സിനിമാ സംഘടനയുടെ പ്രതിനിധിയായാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞു.