സലീം സഞ്ചരിച്ച കാറില്‍ സ്ത്രീ സാന്നിദ്ധ്യം?

Webdunia
തിങ്കള്‍, 25 ജൂലൈ 2011 (17:38 IST)
PRO
PRO
ഗള്‍ഫ് വ്യവസായി സലീമിന്റെ കൊലപാതക്കേസ് അന്വേഷണത്തില്‍ പെണ്‍വിഷയവും കടന്നുവരുന്നതായി റിപ്പോര്‍ട്ട്. ഷെരീഫും സലീമും യാത്ര ചെയ്ത കാറില്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നോ എന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്. കൊല്ലപ്പെട്ട ദിവസം സ്വന്തം കാര്‍ വഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ ആണ് സലീം ഷെരീഫിനൊപ്പം പുറപ്പെട്ടത്. കറുത്ത ഗ്ലാസ് ഉള്ള കാറില്‍ ആയിരുന്നു ഇവര്‍ യാത്ര ചെയ്തത്. മാത്രമല്ല, കാറിന്റെ പുറകിലത്തെ സീറ്റില്‍ ആയിരുന്നു സലീം ഇരുന്നത്.

ഷെരീഫും സലീമും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നതെങ്കില്‍ സ്വാഭാവികമായും ഇവര്‍ ഒരുമിച്ച് മുന്നില്‍ തന്നെ ഇരിക്കാനാണ് സാധ്യത. മറ്റാരെങ്കിലും കാറില്‍ ഉണ്ടായിരുന്നോ എന്ന സംശയം ഉയരുന്നത് ഇക്കാരണത്താലാണ്. ബിയര്‍ കഴിക്കാനായി സലീമിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു എന്നാണ് ഷെരീഫ് മൊഴി നല്‍കിയിരിക്കുന്നത്. ബിയര്‍ കഴിക്കാന്‍ വേണ്ടി മാത്രമായി ഷെരീഫിനൊപ്പം ഇയാള്‍ ഒരുപാട് ദൂരം യാത്ര ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സലീമിനെ അറിയാവുന്ന ചിലര്‍ ഈ സാധ്യതകള്‍ ശരിവയ്ക്കുന്ന ചില സൂചനകള്‍ നല്‍കിയിട്ടുമുണ്ട്.

കൊലപാതകം ഗള്‍ഫില്‍ വച്ച് ആസൂത്രണം ചെയ്തതാണോ എന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സലീമുമായി ബന്ധമുള്ള ചിലരെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ഷെരീഫിന് ഗള്‍ഫില്‍ കള്ളനോട്ടടിയും മാഫിയാ ബന്ധവും ഉള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.