സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 12.5 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങള്‍ എണ്‍പതുശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികളെ മാത്രം തെരഞ്ഞെടുത്ത് പരീക്ഷയ്ക്കിരുത്തി എസ്.എസ്.എല്‍.സി.ക്ക് ഉന്നതവിജയം നേടുമ്പോള്‍ മുഴുവന്‍ കുട്ടികളെയും പരീക്ഷയ്ക്കിരുത്തി മികച്ച വിജയം നേടുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മോശമാണെന്ന ധാരണ മാറ്റുന്നതില്‍ ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍പള്ളിക്കൂടമായ കോട്ടണ്‍ഹില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മതിയായ സ്ഥലസൗകര്യമുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതാണ് പല സര്‍ക്കാര്‍ സ്‌കൂളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കോട്ടണ്‍ഹില്‍ സ്‌കൂള്‍ പഠനനിലവാരത്തിലും മികവു പുലര്‍ത്തുന്നത് മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും മാതൃകയാവണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടണ്‍ഹില്‍ സ്‌കൂളിന് എം.എല്‍.എ ഫണ്ടുപയോഗിച്ച് ഒരു ബസുകൂടി വാങ്ങി നല്‍കുമെന്ന് ചടങ്ങിന് സ്വാഗതമാശംസിച്ച മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി.എസ്, പ്രിന്‍സിപ്പല്‍ എച്ച്.എം. മേരി സിസ്‌ലറ്റ് പ്രിന്‍സില തുടങ്ങിയവര്‍ സംബന്ധിച്ചു.