ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഈ മാസം 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ബാറുകള്‍ ഒറ്റയടിക്ക് പൂട്ടുന്നതിലെ സാംഗത്യം എന്താണെന്ന് കോടതി ചോദിച്ചു.
സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടാന്‍ പാടില്ല. അതുവരെ തത്സ്ഥിതി തുടരണം. ബാറുകള്‍ ഒറ്റയടിക്ക് പൂട്ടുന്നത് എന്തിനാണ്? മദ്യനിരോധനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ പൂട്ടാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.
ബാറുടമകളുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിര്‍ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങള്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് ഫീസ് അടച്ചു എന്നും മാര്‍ച്ച് 31 വരെയെങ്കിലും ബാറുകള്‍ പൂട്ടരുതെന്നുമായിരുന്നു ബാറുടമകളുടെ ഹര്‍ജി.
കുടുംബങ്ങള്‍ ശിഥിലമാകുന്നത് തടയാനും സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ബാറുകള്‍ പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഇത് സര്‍ക്കാരിന്‍റെ നയമാണെന്നും കോടതി ഇടപെടരുതെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. എട്ട് ജില്ലകളിലായി വെറും 20 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണുള്ളതെന്നും ഇവ തുറന്നുപ്രവര്‍ത്തിക്കുന്നതുകൊണ്ട് ദോഷമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ തല്‍ക്കാലം ബാറുകള്‍ പൂട്ടേണ്ടെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയതോടെ ബാറുടമകള്‍ക്ക് ഈ വിഷയത്തില്‍ അല്‍പ്പം മേല്‍ക്കൈ ലഭിച്ചിരിക്കുകയാണ്.