സരിത മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സോളാര്‍ കേസില്‍ പ്രതിയായ സരിത ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതില്‍ തെറ്റില്ല. ഈ കൂടിക്കാഴ്ച എങ്ങനെ കുറ്റകരമാകുമെന്നും കോടതി. സോളാര്‍ ഇടപാടില്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം പരിശോധിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
സോളാര്‍ ഇടപാടില്‍ പണം മുടക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ശ്രീധരന്‍ നായര്‍ പരാതിയില്‍ പറയുന്നില്ല. സരിത മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗിച്ചതാവാം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതുകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നും കോടതി ആരാഞ്ഞു. ഹര്‍ജിയില്‍ കൂടുതല്‍ വിശദമായ വാദം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാന്‍ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രാരംഭ വാദം കേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് വാദിച്ച സര്‍ക്കാര്‍ ജോയ് കൈതാരത്തിന് ഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശവും ചോദ്യം ചെയ്തു.
ജസ്റ്റീസ് ഹാരൂണ്‍ റഷീദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റീസ് വികെ മോഹനന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.