സിനിമാതാരങ്ങള്‍ക്ക് പോലുമില്ലാത്ത താരപ്രഭയാണ് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക്. ചടുലമായ വാക്കുകളും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പോലും കൂസാത്ത സരിതയുടെ മറുപടിയും ഏറെ ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടുതലും സ്ത്രീകളാണ് ആരാധകര്‍ എന്നതാണ് ഏറെ രസകരം. കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രവും ഇത്തരമൊരു കാഴ്ചയ്ക്ക് സാക്‍ഷ്യം വഹിച്ചു.
മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സരിതയെ സ്ത്രീകള്‍ വളഞ്ഞു. ചിലര്‍ ഓട്ടോഗ്രാഫ് വാങ്ങി. നോട്ടില്‍ പോലും ഓട്ടോഗ്രാഫ് വാങ്ങിയവരുണ്ട്. ചിലര്‍ക്ക് വിവാദ നായികയെ അടുത്ത് കണ്ടതിന്റെ കൌതുകം. എല്ലാത്തിനും നടുവില്‍ ചിരിയോടെ സരിതാ നായര്‍. അവധിക്കാലമായതിനാല്‍ മലയാളികള്‍ ധാരാളം ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയില്‍ വച്ച് ഇവരില്‍ പലരും സരിതയ്ക്ക് ചുറ്റും കൂടി.
രണ്ട് കുട്ടികള്‍ക്കും അമ്മയ്ക്കും മറ്റൊരു ബന്ധുവിനുമൊപ്പമാണ് സരിതയെത്തിയത്. താലവുമെടുത്ത് എത്തിയ സരിതയ്ക്ക് ക്ഷേത്രജീവനക്കാരുടെ അകമ്പടിയുമുണ്ടായിരുന്നു. പ്രത്യേക ക്യൂവില്‍ വിഐപി പരിഗണനയോടെയായിരുന്നു ദര്‍ശനം.
സിനിമാതാരങ്ങളായ മീരാനന്ദന്‍ , മഞ്ജുപിള്ള എന്നിവരും ഇതേ സമയം ദര്‍ശനത്തിനെത്തിയെങ്കിലും സരിത നേടിയ പകുതി ജനശ്രദ്ധ ഇവര്‍ക്ക് കിട്ടിയില്ലെന്നതാണ് രസകരം.