സോളാര്‍ കേസ് പ്രതി സരിത നായരുടെ പരാതി രേഖപ്പെടുത്താതിരുന്ന എറണാകുളം എസിജെമ്മിനോട് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ വിശദീകരണം തേടി. കോടതിമുറിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികളുടെ രേഖകളും ഹൈക്കോടതി വിജിലന്‍സ് രജിസ്റ്റാര്‍ പിടിച്ചെടുത്തു.
ആഴ്ചകള്‍ക്കുമുന്‍പു കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതിയില്‍ ഹാജരാക്കിയപ്പോഴാണു തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നു സരിത പറഞ്ഞത്. അടച്ചിട്ട മുറിയില്‍ 20 മിനിറ്റോളം നടപടികള്‍ നീണ്ടു. ചില ഉന്നതരെക്കുറിച്ചു സരിത രഹസ്യമൊഴി നല്‍കിയെന്നായിരുന്നു അഭിഭാഷകന്‍ പുറത്തിറങ്ങിപ്പറഞ്ഞത്. എന്നാല്‍ സരിത ആരെക്കുറിച്ചും പറഞ്ഞിട്ടില്ലെന്നും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പറയാനുളളതെല്ലാം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും എസിജെ എം രാജു പിന്നീട് തുറന്ന കോടതിയില്‍ തിരുത്തി.
കോടതിയുടെ വിശ്യാസ്യതയെ ചോദ്യം ചെയ്ത് അഡ്വക്കേറ്റ് ജയശങ്കറും ബിജെപി നേതാവ് കെ. സുരേന്ദ്രനും നല്‍കിയ പരാതിയിലാണു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണം. അടച്ചിട്ട കോടതി മുറിയിലുണ്ടായിരുന്ന ശിരസ്ദാര്‍, ബെഞ്ച് ക്ലാര്‍ക്ക്, വനിതാ പൊലീസുകാരി എന്നിവരുടെ മൊഴി വിജിലന്‍സ് രജിസ്ട്രാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സരിത എന്താണ് പറഞ്ഞെതെന്ന് കേട്ടില്ലാണ് ഇവര്‍ മൊഴി നല്‍കിയത്. കോടതിയുടെ അന്നേദിവസത്തെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകളും പരിശോധനക്കായി എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും എ സിജെമ്മിനോട് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
ഈ മറുപടികൂടി കിട്ടിയശേഷമാണ് ജഡ്ജിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതുസംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് മറുപടി നല്‍കുക.