സരിതയുടെ പരാതിയില്‍ ഉന്നതരില്ല; വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം!

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (14:13 IST)
PRO
PRO
സരിത എസ് നായരുടെ പരാതിയില്‍ ഉന്നതരില്ല. പരാതിയിലുള്ളത് വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. സരിതയുടെ 22 പേജുള്ള മൊഴിയില്‍ നിരവധി ഉന്നതരുടെ പേരുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സരിത എഴുതി നല്‍കിയത് നാല് പേജ് മാത്രമുള്ള പരാതിയാണ്.

ബിജുവും ശാലുവുമായുള്ള ബന്ധമാണ് തന്റെ തകര്‍ച്ചയ്ക്കു കാരണം കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്കയുണ്ട്. തന്റെ കുട്ടിയുടെ പിതൃത്വം വരെ സംശയിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് സരിത മൊഴിയില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് സരിത ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ പരാതി കോടതിയില്‍ സമര്‍പ്പിച്ചത്. പരാതി കോടതി എറണാകുളം നോര്‍ത്ത് പോലീസിന് അന്വേഷണത്തിനായി കൈമാറുകയും ചെയ്തു.

അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നേരിട്ടാണ് 10 മണിയോടു കൂടി മുദ്ര വെച്ച കവറിലുള്ള സരിതയുടെ പരാതി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. സരിത എസ് നായര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്വന്തം കൈപ്പടയില്‍ രേഖമൂലം എഴുതി ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് അട്ടക്കുളങ്ങര ജയിലില്‍ കോടതി ഉത്തരവ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മൊഴി എഴുതി നല്‍കാന്‍ ഒരു കെട്ട് പേപ്പറും പേനയും ഉത്തരവിന്റെ പകര്‍പ്പും സരിതയ്ക്ക് നല്‍കിയിരുന്നു.

ഫെനി ബാലകൃഷ്ണനാണ് സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുണ്ടെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന ഫെനിയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. മൊഴി നേരിട്ട് എഴുതി നല്‍കാനും കോടതി സരിതയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച സരിതയെ കാണാന്‍ ജയിലില്‍ എത്തിയ സരിതയുടെ അഭിഭാഷകനെ ജയില്‍ അധികൃതര്‍ തടഞ്ഞു. സരിതയെ കാണാന്‍ കോടതിയുടെ അനുവാദം ഉണ്ടെന്ന് പറഞ്ഞുവെങ്കിലും ജയിലില്‍ മേധാവിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സരിതയെ കാണാന്‍ ഫെനിക്ക് ജയില്‍ സൂപ്രണ്ട് അനുമതി നല്‍കിയില്ല.

അതേസമയം മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്നും അഭിഭാഷകനെ ഒഴിവാക്കിയ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ പ്രതിഷേധമുണ്ടായി. മൊഴി രേഖപ്പെടുത്താന്‍ വൈകിയതും സംശയമുളവാക്കുന്നതാണ്. മൊഴി രേഖപ്പെടുത്താന്‍ വൈകിയതിലൂടെ സരിതയെ സ്വാധീനിക്കാന്‍ അവസരമൊരുങ്ങിയെന്നും ആരോപണമുണ്ട്. സരിതയുടെ പരാതി ദുരൂഹത നിറഞ്ഞതാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു. ജനങ്ങളുടെ സംശയം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.