സംസ്ഥാനത്ത് സ്വകാര്യ ബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ മാസം 29 മുതല്‍ സമരം തുടങ്ങുമെന്നായിരുന്നു തൊഴിലാളികള്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് പണിമുടക്ക് മാറ്റി വച്ചത്.
പങ്കാളിത്ത പെന്‍ഷനെതിരെയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ എസ് ആര്‍ ടി സിയില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യാത്രക്ലേശം രൂക്ഷമാക്കും.
നിലവിലുള്ള ശമ്പളത്തില്‍ 50 ശതമാനം വര്‍ധനവ് നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞമാസം 19 നും 27 നും തൊഴില്‍ മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.