കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്നിവ ആസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു.
പൊതു ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനം ലഭിക്കുന്നതിനുവേണ്ടി വിവിധ മേഖലകളില്‍ നിന്നു വന്ന ആവശ്യം പരിഗണിച്ചാണിത്. ഭൂമി ശാസ്ത്രപരമായ വിസ്തൃതി, ഹൈസ്‌കൂളുകള്‍, അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും എണ്ണം ഉള്‍ക്കൊള്ളുന്ന താലൂക്കൂകള്‍, പഞ്ചായത്തുകള്‍, നഗരസഭകള്‍, ഉപ ജില്ലകള്‍, എന്നിവയുടെ എണ്ണം, ഓരോ സ്‌കൂളില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിച്ചേരുന്നതിനുള്ള ദൂരം എന്നിവ മാനദണ്ഡമാക്കിയാണ് പുതിയ വിദ്യാഭ്യാസ ജില്ലകളുടെ രൂപീകരണം.
സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ തിരൂര്‍ വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി ഒരു വിദ്യാഭ്യാസ ജില്ല രൂപീകരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ നിലവില്‍ 116 ഹൈസ്‌കൂളുകളും 161 യു.പി. സ്‌കൂളുകളും 364 എല്‍.പി. സ്‌കൂളുകളുമടക്കം 641 വിദ്യാലയങ്ങളും ഏഴ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമാണുള്ളത്. ജോലി ഭാരം കൊണ്ട് ബുദ്ധിമുട്ടു കയായിരുന്ന ജീവനക്കാര്‍ക്ക് ഈ തീരുമാനം ആശ്വാസകരമാകും.
ആദിവാസി കേന്ദ്രമായ അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കും, ചിറ്റൂര്‍, കൊഴിഞ്ഞാംപാറ ഭാഷാ ന്യൂനപക്ഷമായ പ്രദേശത്തേയും പരിഗണിച്ചാണ് മണ്ണാര്‍ക്കാട് കേന്ദ്രമാക്കി വിദ്യാഭ്യാസ ജില്ല രൂപവത്കരിക്കുന്നത്. പയ്യന്നൂര്‍, മടായി, തളിപ്പറമ്പ് വടക്ക്, തളിപ്പറമ്പ് തെക്ക്, ഇരിക്കൂര്‍ പ്രദേശങ്ങളെയാണ് തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നത്. അഗളി, പുതൂര്‍, ഷോളയൂര്‍, അലനല്ലൂര്‍, കോട്ടപ്പുറം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തെങ്കര, കാണിരപ്പുഴ, തച്ചമ്പാറ, കരിമ്പുഴ, ശ്രീകൃഷ്ണപുരം, കരിമ്പ, കടമ്മരിപുറം, കാരകുറിശ്ശി, പ്രദേശങ്ങളാണ് മണ്ണാര്‍ക്കാട് ജില്ലാ ഓഫീസിനു കീഴില്‍ ഉണ്ടാവുക. വേങ്ങര, പരപ്പനങ്ങാടി, താനൂര്‍, ഉപജില്ലകളാണ് തിരൂരങ്ങാടി ജില്ലാ ഓഫീസ് പരിധിയിലുള്ളത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിലവില്‍ വരുന്നതോടെ ഡി.ഇ.ഒ (1), പേഴ്‌സണല്‍ അസിസ്റ്റന്റ് (1), ജൂനിയര്‍ സൂപ്രണ്ട് (2), ക്ലാര്‍ക്ക് (8), ടൈപ്പിസ്റ്റ് (2), റിക്കാര്‍ഡ് അറ്റന്റര്‍ (1), ഓഫീസ് അറ്റന്റര്‍ (3) ഫൂള്‍ ടൈം മീനിയല്‍ (1), എന്ന രീതിയില്‍ ജീവനക്കാരെയും നിയമിക്കും. ഉപ ജില്ലയില്‍ 11 ജീവനക്കാരാണ് വേണ്ടി വരിക.