സംവരണത്തില്‍ കേന്ദ്രത്തിനെതിരെ എന്‍ എസ് എസ്

Webdunia
ശനി, 1 ജനുവരി 2011 (12:32 IST)
സംവരണവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എന്‍ എസ് എസ്. സംവരണ വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ കേന്ദ്രം കൈക്കൊണ്ടില്ലെന്ന്‌ എന്‍ എസ് എസ്‌. ചങ്ങനാശേരി പെരുന്നയില്‍ എന്‍ എസ് എസ്‌ ആസ്ഥാനത്ത്‌ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ എന്‍ എസ് എസ് സമ്മേളനത്തില്‍ ഉയര്‍ന്നത്‌. മുന്നോക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക്‌ ദേശീയ കമ്മീഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു.

എയ്ഡഡ്‌ കോളജുകളിലെ നിയമനത്തില്‍ യു ജി സി റെഗുലേഷന്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം പിന്‍വലിക്കണം. സംവരണവിഷയം വളരെ ഗൗരവത്തോടെയാണ്‌ എന്‍ എസ് എസ്‌ കാണുന്നത്‌.

ശക്തമായ ഒരു ആയുധമാണ് സമദൂരനയം‌. സമദൂരനയത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്‍ എസ് എസ്‌ വ്യക്തമാക്കി. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത്‌ സംഘടനയ്ക്ക്‌ ദോഷം വരുത്തുമെന്നും പ്രമേയം വിലയിരുത്തി.