സംവരണം: എന്‍എസ്‌എസ് നിലപാടിനോട് ലീഗിന് എതിര്‍പ്പ്

Webdunia
ശനി, 2 ജനുവരി 2010 (12:40 IST)
PRO
PRO
സംവരണം വേണമെന്ന എന്‍ എസ് എസ് ആവശ്യത്തിനോട് ലീഗിന് പ്രതികൂല നിലപാട്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രതികൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സംവരണം ഭരണഘടനാപരമായി പിന്നാക്കക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. എങ്കിലും സംവരണം വേണമെന്ന എന്‍ എസ് എസ് ആവശ്യത്തില്‍ യു ഡി എഫ് സമന്വയം കണ്ടെത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി പി എം ഫാസിസത്തെയും തീവ്രവാദത്തെയും ഒരുപോലെ സംരക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായി മാറിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനമായ ചങ്ങനാശ്ശേരിയിലെ പെരുന്നയിലെത്തി എന്‍ എസ് എസ് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. അതേസമയം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് പ്രസക്തിയില്ലെന്ന് എന്‍ എസ് എസ് നേതൃത്വം അറിയിച്ചു.