സംഘടനാപ്രശ്നങ്ങളില്‍ ആന്റണി ഇടപെടണമെന്ന് മുല്ലപ്പള്ളിയും മുരളിയും

Webdunia
ഞായര്‍, 6 ഒക്‌ടോബര്‍ 2013 (18:13 IST)
PRO
PRO
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആന്റണി ഇടപെട്ടേ തീരുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും. ഒരു ഇടവേളയ്ക്ക് ശേഷം എ കെ ആന്റണി തിരിച്ചെത്തണമെന്ന ആവശ്യം ഉയരുന്നത് സംസ്ഥാന കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കേരള വിഷയങ്ങളില്‍ സമീപകാലങ്ങളില്‍ എ കെ ആന്റണി പുലര്‍ത്തുന്ന മൗനവും കേരളത്തില്‍ സര്‍ക്കാര്‍-സംഘടനാ പ്രശ്‌നങ്ങള്‍ തുടരുന്നതുമാണ് പുതിയ പ്രസ്താവനകള്‍ക്ക് പിന്നിലെ പ്രേരണ.എ കെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനേക്കാള്‍ ഉപരി കേരള വിഷയങ്ങളിലെ സജീവമായ ഇടപെടലാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ആന്റണി നിസ്സംഗത വെടിയണമെന്നാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. ആന്റണിയുടെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഈ പ്രസ്താവന സംസ്ഥാന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഐ ഗ്രൂപ്പിന്റെ വക്താവാണെങ്കിലും സംഘടനാ പ്രതിസന്ധിയിലും ഭരണ വിവാദങ്ങളിലും ആന്റണിയുടെ സാന്നിധ്യമാണ് കെ മുരളീധരനും ആഗ്രഹിക്കുന്നത്. കേരള വിഷയങ്ങളില്‍ എ കെ ആന്റണി അവസാന വാക്കാണെന്ന തിരിച്ചറിവ് മുന്നണിയിലെ പല നേതാക്കള്‍ക്കുമുണ്ട്.

സര്‍ക്കാരിനെതിരെയും മുല്ലപ്പള്ളി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ടി പി കേസിലെ പ്രതികളെ സംരക്ഷിച്ചുവെന്ന ആരോപണം ഗുരുതരമാണ്. നെടുമ്പാശ്ശേരി സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി ഫയിസിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.