ഷുക്കൂര്‍ വധം: പി ജയരാജനെ വീണ്ടും ചോദ്യം ചെയ്യും

Webdunia
തിങ്കള്‍, 30 ജൂലൈ 2012 (18:02 IST)
PRO
PRO
തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്‌ദുള്‍ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണസംഘത്തിന്‌ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായരാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ബുധനാഴ്ച ടൗണ്‍ സി ഐ ഓഫീസില്‍ ഹാജരാകാനാണ്‌ ജയരാജന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

കേസില്‍ ടി വി രാജേഷ്‌ എംഎല്‍എയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രാജേഷില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ജയരാജനോട്‌ വീണ്ടും ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. തളിപ്പറമ്പ്‌ അരിയിലില്‍ സിപിഎം-ലീഗ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌.

ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.