തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്‌ദുള്‍ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ടി വി രാജേഷ് എം എല്‍ എയെ പൊലീസ് ചോദ്യം ചെയ്‌തു. കണ്ണൂര്‍ സിഐയുടെ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. കെ കെ നാരായണന്‍ എംഎല്‍എ, അഡ്വ ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണു രാജേഷ് എത്തിയത്. എന്നാല്‍ ഇരുവരെയും പുറത്താക്കിയ ശേഷമാണു രാജേഷിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
ടി വി രാജേഷിന് അന്വേഷണ സംഘം നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനമായതിനാല്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് അവധി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച അന്വേഷണം സംഘം നിയമസഭാ സമ്മേളനം അവസാനിച്ച ഉടന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായത്.
ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.