ശൈശവ വിവാഹങ്ങള്‍ തടയുന്നതില്‍ സാമൂഹിക നീതി വകുപ്പ് ഉപേക്ഷ കാണിക്കുന്നു

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (08:34 IST)
PRO
PRO
കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ തടയുന്നതില്‍ സാമൂഹിക നീതി വകുപ്പ് ഉപേക്ഷ കാണിക്കുന്നുവെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ ആരോപിക്കുന്നു. ശൈശവ വിവാഹങ്ങള്‍ തടയേണ്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടില്ലെന്നാണ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ പറയുന്നത്.

ശൈശവ വിവാഹങ്ങള്‍ തടയാനുള്ള ചുമതല നല്‍കിയിരിക്കുന്നത് അംഗന്‍വാടികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്കാണ്. ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്നത് 2006ലാണ്.

ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്ന് ഏഴ് വര്‍ഷമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു പരിശീലനവും ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വിവാഹം റിപ്പോര്‍ട്ട് ചെയ്യേണ്ട ഫോറം പോലും ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കിയിട്ടില്ല.

ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്ക് ശൈശവ വിവാഹം നടക്കുന്നതായി വിവരം ലഭിച്ചാല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് ചെയ്യുകയും പൊലീസ് സഹായത്തോടെ വിവാഹം തടയുകയുമാണ് ചെയ്യേണ്ടത്.