ശശീന്ദ്രന്‍റെ മരണം: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നു

Webdunia
വ്യാഴം, 27 ജനുവരി 2011 (14:59 IST)
മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്‍റെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് കണ്ടെത്തിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മയക്കം വരാനുള്ള ഒരുതരം സിറപ്പാണ് ഭക്ഷണത്തില്‍ കലര്‍ന്നിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. ഭക്ഷണം കുട്ടികളുടെ ആന്തരാവയങ്ങളില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കൊടുത്തിട്ടുണ്ട്.

ഈ പരിശോധനകളുടെയും ആന്തരിക അവയവങ്ങളുടേയും പരിശോധനാ ഫലംകൂടി ലഭിച്ചെങ്കില്‍ മാത്രമേ മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങുകയുളളു.

അതേസമയം, ശശീന്ദ്രന്‍റെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയ മുറിയുടെ പുറത്തു കണ്ട അടയാളം രക്തക്കറയല്ലെന്ന് ഫോറന്‍സിക് സംഘം വെളിപ്പെടുത്തി. ശശീന്ദ്രന്‍റെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ മുറിക്കുള്ളിലും പുറത്തും നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഈ സ്ഥിരീകരണം.

ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആദ്യം പൊലീസ്‌ സര്‍ജന്‍ തന്നെ സ്ഥലത്ത്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. തുടര്‍ന്നാണ്‌ ഫോറന്‍സിക്‌ പരിശോധനയ്ക്ക്‌ ശുപാര്‍ശ ചെയ്‌തത്‌.