ശര്‍മയുടെ വെളിപ്പെടുത്തലിന് മറുപടി പറയണം: ചെന്നിത്തല

Webdunia
ഞായര്‍, 22 ഫെബ്രുവരി 2009 (12:04 IST)
PROPRO
ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതമന്ത്രി എസ് ശര്‍മയുടെ വെളിപ്പെടുത്തലിന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ധാരണാപത്രം പുതുക്കുന്നതില്‍ ശര്‍മ സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വൈദ്യുത മന്ത്രിയുടെ സംശയമായി ഇതിനെ കാണാന്‍ കഴിയില്ല. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന പ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കേസ് ആരംഭിച്ച് മൂന്നു വര്‍ഷത്തിനു ശേഷം ലാവ്‌ലിന്‍ കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത് പിണറായിയുമായുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‌ മുന്‍പുതന്നെ പ്ലാനിങ്‌ ബോര്‍ഡിന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാരിനു ലഭിച്ചിട്ടും, ഇത്‌ മറച്ചുവച്ചത്‌ എന്തിനാണെന്ന്‌ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കരാറിന്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാതിരുന്നതിനെ കുറിച്ചും സി പി എം വിശദീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.