വോട്ടെണ്ണല്‍ തുടങ്ങി

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2010 (08:07 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. 216 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യഫലങ്ങള്‍ പത്തുമണിയോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗപ്പെടുത്തിയതിനാല്‍ കോര്‍പ്പറേഷനുകളിലെ ഫലമാണ് ആദ്യം ലഭിക്കുക. പഞ്ചായത്തുകളിലെ ഫലപ്രഖ്യാപനം വൈകിയേക്കും.

ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവയുടെ വോട്ടുകളാണ് എണ്ണുന്നത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തിലുള്ള കേന്ദ്രങ്ങളില്‍ ആ തദ്ദേശ സ്ഥാപനത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും വോട്ടുകള്‍ എണ്ണും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിക്കുന്നതിനാല്‍ നഗരസഭകളിലെ വോട്ടെണ്ണല്‍ ഉച്ചയോടെ പൂര്‍ത്തിയാകും.

ആദ്യ അരമണിക്കൂറിനുള്ളില്‍ നഗരസഭകളിലെ ഫലസൂചനകള്‍ ലഭ്യമാവും. ത്രിതല പഞ്ചായത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനാല്‍ ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ പൂര്‍ത്തിയാകൂ. ഉച്ചയ്ക്കു ശഷം ഗ്രാമപഞ്ചായത്തുകളിലെ ആദ്യഫലങ്ങള്‍ അറിഞ്ഞുതുടങ്ങും. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ ഫലമാണ് അവസാനം ലഭിക്കുക.