അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് വകുപ്പ് മന്ത്രിയും കൈമലര്‍ത്തുന്നു. പദ്ധതി നടക്കുമോ എന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അതിരപ്പിള്ളിയെക്കുറിച്ച് പഠനങ്ങള്‍ നടത്തണമെന്നും ആര്യാടന്‍ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചയാളാണ് താന്‍. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയും പരിസ്ഥിതിവാദികളും പദ്ധതിയെ എതിര്‍ക്കുകയാണ്. അതിനാല്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാനാകാത്ത സ്ഥിതിയാണെന്നും ആര്യാടന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ആലോചിക്കാതെ സംസ്ഥാനത്തിന് രക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ബോര്‍ഡിന് പ്രതിമാസം 70 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്ന് ആര്യാടന്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോയാല്‍ രണ്ട് വര്‍ഷത്തിനകം ബോര്‍ഡ് തകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ സ്വകാര്യ മേഖല ഈ രംഗത്തേക്ക് കടന്നുവരും. അത് നല്ലതല്ലെന്നും ആര്യാടന്‍ പറഞ്ഞു.
എന്നാല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.