ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയേറ്റത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി പ്രദേശത്ത് വച്ചാണെന്ന് ഡി ജി പി ജേക്കബ് പുന്നൂസ്. ഇന്ത്യയില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ പതിവായി മത്സ്യബന്ധനം നടത്തുന്ന സ്ഥലമാണിതെന്നും ഡി ജി പി വ്യക്തമാക്കി.
ഇറ്റാലിയന്‍ കപ്പലിലെ ഉദ്യോഗസ്ഥരില്‍ നിന്ന് കുറ്റകരമായ പ്രവര്‍ത്തിയാണ് നടന്നതെന്ന് വ്യക്തമാണ്. വെടിവയ്പ്പ് നടത്തിയത് ആരാണെന്നും എങ്ങനെയാണ് സംഭവം നടന്നതെന്നും വിശദീകരിക്കേണ്ടത് കപ്പലിലുള്ളവരാണെന്നും ഡിജിപി പറഞ്ഞു.
ഇറ്റലിയില്‍ പോയാലേ മറുപടി പറയൂ എന്ന കപ്പല്‍ ജീവനക്കാരുടെ നിലപാട് ശരിയല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് പറയേണ്ടത് കോടതിയിലാണെന്നും ഡി ജി പി പറഞ്ഞു. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിവച്ചതെന്ന വാദത്തില്‍ യുക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.