വി എസ് രണ്ടാമതും നയിക്കുമോ?

Webdunia
വ്യാഴം, 3 ഫെബ്രുവരി 2011 (09:12 IST)
PRO
വി എസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവുമോ? ഇക്കാര്യം ഇന്ന് നടക്കുന്ന സിപി‌എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. തുടര്‍ച്ചയായി പാര്‍ലമെന്ററി രംഗത്തുള്ളവര്‍ പാര്‍ട്ടി തലത്തില്‍ ശ്രദ്ധിക്കണമെന്ന തെറ്റുതിരുത്തല്‍ രേഖ വി എസിന് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിഘാതമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും തുടര്‍ന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗങ്ങളിലും വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കും പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അല്ലെങ്കില്‍ പിണറായി പാര്‍ട്ടിയെ നയിക്കും എന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍, വി എസ് മത്സര രംഗത്ത് ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാന നേതൃത്വത്തിലേറെയും. അതിനാല്‍, തെറ്റുതിരുത്തല്‍ നയം ഉയര്‍ത്തിക്കാട്ടി വി എസിന്റെ അവസരം വെട്ടിമാറ്റപ്പെടാനാണ് സാധ്യത. അതേസമയം, ലാവ്‌ലിന്‍ കേസ് പിണറായിക്ക് പാര്‍ലമെന്ററി രംഗത്തേക്ക് തിരിച്ചെത്താന്‍ വിഘാതം സൃഷ്ടിക്കും.

വി‌ എസും കോടിയേരിയും അടങ്ങുന്ന സംസ്ഥാന സര്‍ക്കാരിലെ പ്രമുഖര്‍ തെറ്റുതിരുത്തല്‍ നയം അനുസരിച്ച് വിട്ടു നിന്നാല്‍ പോളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് നറുക്ക് വീണേക്കുമെന്നും കരുതാം. എന്നാല്‍, പാര്‍ട്ടിക്ക് അവസാന നിമിഷം ശക്തമായ ഒരു തിരിച്ചു വരവ് നടത്താന്‍ വേണ്ട മരുന്ന് നല്‍കിയത് താനാണെന്ന് വി എസ് വാദമുന്നയിച്ചേക്കും.

സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യത്തിന് തൊട്ടടുത്ത് എത്തിച്ചതിനും ഐസ്ക്രീം കേസ് നല്ലൊരു പ്രചാരണമായുധമാക്കി മാറ്റുന്നതിനു താന്‍ വഹിച്ച പങ്ക് വി എസ് ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന. അത്തരത്തില്‍, വീണ്ടും മത്സര രംഗത്ത് എത്താന്‍ വി എസ് ശ്രമിച്ചേക്കാം.