തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പ്രായം തടസമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അതേ നിലപാടാണ് തനിക്കും ഉള്ളതെന്നും കോടിയേരി പറഞ്ഞു.
ഈ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സെക്രട്ടറിയാണ് ഞാന്‍. എനിക്കും അതേ നിലപാടുതന്നെയാണുള്ളത്. എന്നാല്‍, വി എസും പിണറായിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മനോരമ ന്യൂസിന്‍റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് കോടിയേരി പറഞ്ഞു.
സി പി എമ്മിന്‍റെ കേരളയാത്ര താന്‍ നയിക്കാത്തത് സംഘടനാ പ്രവര്‍ത്തനത്തില്‍ പൂര്‍ണശ്രദ്ധ നല്‍കാന്‍ വേണ്ടിയാണെന്നും കോടിയേരി പറഞ്ഞു. പിണറായി സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം തന്നെ ജാഥ നയിച്ചപ്പോള്‍ സംഘടനാപ്രവര്‍ത്തനത്തില്‍ ചില പോരായ്മകള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. നേരത്തേയുള്ള അത്തരം അനുഭവങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോഴത്തെ തീരുമാനം - കോടിയേരി പറഞ്ഞു.
എല്ലാവരോടും വിനയാന്വിതമായി പെരുമാറണമെന്നും ആരോടും തട്ടിക്കയറരുതെന്നുമൊക്കെയാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. എന്നാല്‍ താന്‍ എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപെടുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്നും രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലം മുതലുള്ള ശീലമാണെന്നും കോടിയേരി പറഞ്ഞു.