വി എസിന്റെ അഡീഷണല്‍ പിഎസിനെ മാറ്റില്ല

Webdunia
ശനി, 23 ജൂലൈ 2011 (08:59 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി വിവാദത്തിലായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്റെ ആവശ്യം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. സംഭവത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നിരപരാധിയാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം അറിയാതെയാണ് രവീന്ദ്രന്‍ വീട്ടുജോലിക്ക് നിര്‍ത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ചായിരുന്നു ഇത്. പിന്നീട് വീട്ടില്‍ നിന്ന് സ്വമേധയാ ഇറങ്ങിപ്പോയ പെണ്‍കുട്ടി പീഡനത്തിന് ഇരയാകുകയായിരുന്നു. റെയില്‍‌വെ സ്റ്റേഷനില്‍ നിന്ന് പരിചയപ്പെട്ട യുവാവുമൊത്ത് പെണ്‍കുട്ടി കന്യാകുമാരിയില്‍ പോയിരുന്നു. അവിടെ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദിവസങ്ങള്‍ നീ‍ണ്ട അന്വേഷണത്തിനൊടുവില്‍ പയ്യോളിയില്‍ വച്ചാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രശ്നം വിവാദമായ സാഹചര്യത്തില്‍ രവീന്ദ്രനെ മറ്റുന്നതാണ് ഉചിതം എന്ന് വി എസിന്റെ വാദം പാര്‍ട്ടി മുഖവിലയ്ക്കെടുത്തില്ല.

വര്‍ഷങ്ങളായി സി പി എം മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ തുടരുന്നയാളാണ് രവീന്ദ്രന്‍. ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്‌തനുമാണ് ഇയാള്‍‌. വിഎസിന് രവീന്ദ്രനോട് താല്പര്യം കുറവാണ്.