വി എസിനെ കഴുകനോട് ഉപമിച്ച് ഫ്ളക്സ് ബോര്‍ഡ്!

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (11:30 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കഴുകനോട് ഉപമിച്ച് പയ്യന്നൂരില്‍ ഫ്ളക്സ് ബോര്‍ഡ്. സിപിഐ(എം) കോട്ടയായ പയ്യന്നൂരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് വിമര്‍ശനങ്ങളെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്.

പയ്യന്നൂര്‍ കോളജ് പരിസരത്താണ് ഫ്ലക്സ് സ്ഥാപിച്ചത്. പാര്‍ട്ടി പതാക കൊത്തിപ്പറിക്കുന്ന കഴുകന്റെ ചിത്രമുള്ള ഫ്ലക്സില്‍ “നാലണ വിലയില്ലാത്ത കത്തയച്ച് ഊറിച്ചിരിക്കുന്നു“വെന്ന പരിഹാസവുമുണ്ട്. ‘മലയെ കല്ലെറിഞ്ഞിട്ട് കാര്യമില്ല‘ എന്ന തലക്കെട്ടോടെയാണ് ഫ്ളക്സ് ബോര്‍ഡ്.

“എനിക്കുശേഷം പ്രളയം എന്നുകരുതുന്നവരോട് ഒന്നേ പറയാനുള്ളൂ, ഞങ്ങള്‍ക്ക് ജീവനേക്കാള്‍ വലുതാണ് പാര്‍ട്ടി. ഏത് പ്രളയത്തേയും ഏത് മഹാമാരിയേയും ഏത് ഭൂകമ്പത്തേയും തടഞ്ഞു നിര്‍ത്താനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട് മനസ്സിലാക്കിയാല്‍ നല്ലത്...“ എന്നും ഫ്ലക്സില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല.

ടിപി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കെ കെ രമയെ പിന്തുണച്ച് വി എസ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കത്തിനെ തള്ളി പി ബി രംഗത്തെത്തുകയും ചെയ്തു.