വി‌എസിന്റെ സെക്യൂരിറ്റി സ്റ്റാഫംഗത്തിനും സോളാര്‍തട്ടിപ്പില്‍ പങ്കുണ്ടെന്ന് ചീഫ് വിപ്പ്

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (13:32 IST)
PRO
വി‌എസിന്റെ സെക്യൂരിറ്റി സ്റ്റാഫംഗത്തിനും സോളാര്‍തട്ടിപ്പില്‍ പങ്കുണ്ടെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. കൂടാതെ ഒരു എഡിജിപിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പക്ഷേ പേരിപ്പോള്‍ വെളിപ്പെടുത്തുകയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. തട്ടിപ്പില്‍ വി എസ് അച്യുതാന്ദന്റെ സെക്യുരിറ്റി സ്റ്റാഫിലെ സിജു എന്ന പൊലീസുകാരന്‍ സജീവ അംഗമാണ്. ഇയാള്‍ മറ്റു പല തട്ടിപ്പിലും ഉണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴുതക്കാട്ട് ബിജുവും സരിതയും ചേര്‍ന്ന് ക്രെഡിറ്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ പണം ആവശ്യപ്പെട്ട് എത്തുന്നവരെ ലോക്കല്‍ പോലീസിനെ ഉപയോഗിച്ച് വിരട്ടി ഓടിക്കുകയായിരുന്നു. ഇതിനു പിന്നില്‍ സിജുവാണ്. ഒരു എഡിജിപിക്കും ഇടപാടില്‍ പങ്കുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് താന്‍ പരാതി നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു.

മുന്‍ ആഭ്യന്തരമന്ത്രി കോടിയേരിയുടെ ഓഫീസില്‍ സരിത എത്തിയിരുന്നു. കോടിയേരിയെ കണ്ടുവെന്ന് ആരോപണം ഉന്നയിക്കുന്നല്ല. എന്നാല്‍ ഓഫീസ് സ്റ്റാഫ് ഇവരെ കണ്ടിരിക്കാം. അനര്‍ട്ടുമായി ബന്ധപ്പെട്ട് ആരൊക്കെ സരിതയെ കണ്ടുവെന്ന് ഇടതുമുന്നണി അന്വേഷിക്കണം.

2006 ല്‍ ബിജുവിന്റെ ആദ്യഭാര്യ രശ്മി പരാതിപ്പെട്ടിട്ടും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അന്നേ കേസില്‍ ഇടപെട്ടിരുന്നുവെങ്കില്‍ ഒരു മനുഷ്യജീവനും അനേകം പേരുടെ പണവും നഷ്ടപ്പെടില്ലായിരുന്നു. പ്രതിപക്ഷം നിയമസഭയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രിക്കെതിരെ മാര്‍ക്കറ്റില്‍ പോലും പറയാത്ത മോശപ്പെട്ട വാക്കുകളാണ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞതെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

തന്റെ വാക്കുകള്‍ പ്രതിപക്ഷം വളച്ചൊടിച്ചത് അപമാനകരമാണ്. . പതിനായിരം കോടിയുടെ തട്ടിപ്പ് നടന്നേനെ എന്നാണ് പറഞ്ഞത്. ടീം സോളാര്‍ അനര്‍ട്ടിന്റെ ഏജന്‍സിയാകാന്‍ ശ്രമിച്ചിരുന്നു. അതു നടക്കാതെ വന്നപ്പോള്‍ അനര്‍ട്ടിന്റെ പേരില്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.

അഞ്ചു കോടി രൂപയുടെ തട്ടിപ്പാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ തട്ടിപ്പിനിരയായ മാന്യന്മാര്‍ മുഴുവന്‍ പരാതി നല്‍കിയാല്‍ അത് പത്തു കോടി കഴിയും. മാനഹാനി ഭയന്ന് പലരും പുറത്തുപറയാതിരിക്കുകയാണെന്നും ​ജോര്‍ജ് പറഞ്ഞു.