വിവാഹ രജിസ്ട്രേഷന് പ്രത്യേക സംവിധാനം

Webdunia
വ്യാഴം, 31 ജൂലൈ 2008 (16:47 IST)
KBJWD
വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ഓഗസ്റ്റ്‌ മൂന്ന്‌ മുതല്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി അറിയിച്ചു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ നൂറുകണക്കിനാളുകളാണ്‌ വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വിവാഹത്തിന്‌ ഗുരുവായൂരിലെത്തുന്നത്‌. അവധി ദിവസങ്ങളില്‍ വിവാഹ രജിസ്ട്രേഷന്‍ നടത്താത്തത്‌ പ്രയാസമുണ്ടാക്കുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി മറ്റൊരു ദിവസം മുനിസിപ്പല്‍ ഓഫീസില്‍ എത്തേണ്ടി വരുന്നതും ബുദ്ധിമുട്ടാകുന്നു.

രജിസ്ട്രേഷന്‍ തിരക്കു കാരണം മുനിസിപ്പല്‍ ഓഫീസിന്‍റെ പ്രവര്‍ത്തനത്തിനും തടസമുണ്ടാകുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനാണ്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. ഓഗസ്റ്റ്‌ മൂന്ന്‌ മുതല്‍ ഞായര്‍ അടക്കമുള്ള എല്ലാ അവധി ദിവസങ്ങളിലും വിവാഹം രജിസ്റ്റര്‍ ചെയ്യാം.

വിവാഹ സര്‍ട്ടിഫിക്കറ്റ്‌ ഗുരുവായൂര്‍ പോസ്റ്റ്‌ ഓഫീസ്‌ വഴി സ്പീഡ്‌ പോസ്റ്റില്‍ അയക്കുന്നതിന്‌ ഗുരുവായൂര്‍ നഗരസഭയും പോസ്റ്റല്‍ വകുപ്പും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ ആവശ്യക്കാര്‍ 50 രൂപ അടച്ചാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ സ്പീഡ്‌ പോസ്റ്റില്‍ അയച്ചു കൊടുക്കും.

വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനുള്ള അധികാരം പ്രത്യേക വിജ്ഞാപനം വഴി ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. അധിക ജോലിഭാരം കണക്കിലെടുത്ത്‌ മൂന്ന്‌ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനും അനുമതി നല്‍കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു.