വിവാദ പരസ്യം: ബാബു എം പാലിശേരി ഫേസ്‌ബുക് പോസ്റ്റ് പിന്‍‌വലിച്ചു

Webdunia
ശനി, 30 നവം‌ബര്‍ 2013 (18:03 IST)
PRO
PRO
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരണം അറിയിച്ച ബാബു എം പാലിശ്ശേരി എംഎല്‍എ ഫേസ്‌ബുക് പോസ്റ്റ് പിന്‍‌വലിച്ചു. പരസ്യവിവാദവുമായി ബന്ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച ഫേസ്‌ബുക് പോസ്‌റ്റാണ്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പിന്‍വലിച്ചത്‌. ഫേസ്‌ബുക്ക്‌ പോസ്‌റ്റ് വിവാദമായതാണ്‌ പിന്‍വലിക്കാന്‍ കാരണമെന്നാണ്‌ സൂചന.

' പ്രസ്‌ഥാനം ആരുടെയും ചാക്കില്‍ വീഴരുതായിരുന്നു. നെഞ്ചുവിരിച്ച്‌ നിന്ന ശേഷം തലകുനിച്ചതുപോലെയായി' എന്നരീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളായിരുന്നു എംഎല്‍എ ആദ്യം നടത്തിയത്‌. എന്നാല്‍ ഇത്‌ വിവാദമായതോടെ ഈ പ്രസ്‌താവന പിന്‍വലിച്ചു. 'പരസ്യം നല്‍കിയത്‌ ജീവനക്കാരുടെ വീഴചയാണെന്ന്’ ചൂണ്ടിക്കാട്ടിയുള്ള പോസ്‌റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

' അത്യന്തം ആവേശകരമായി പര്യവസാനിച്ച ഒരു പരിപാടിക്ക്‌ അനാവശ്യ കരിനിഴല്‍ വീഴ്‌ത്തിയതിന്റെ മനോവ്യഥയിലാണ്‌ ഒരു പ്രതികരണമുണ്ടായത്‌. സ്‌ഥാപനത്തിലെ ചില ജീവനക്കാര്‍ക്ക്‌ പറ്റിയ വീഴ്‌ചയാണിത്‌. അത്‌ എഫ്‌ ബി യില്‍ പ്രസിദ്ധീകരിച്ചത്‌ ശരിയായില്ല എന്ന്‌ ഞാന്‍ തിരിച്ചറിയുന്നു. എന്റെ പ്രസ്‌ഥാനത്തിന്‌ ഒരു പോറല്‍പൊലുമെല്‍ക്കുന്നതു ചിന്തിക്കാന്‍ പോലും എനിക്കാകില്ല.' എന്നതാണ്‌ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബാബു എം പാലിശ്ശേരിയുടെ പുതിയ പ്രതികരണം.