വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കുള്ള നിര്‍മ്മാണ കരാറിനായുള്ള ആഗോള ടെണ്ടര്‍ വിജ്ഞാപനങ്ങള്‍ ഇന്ന് പുറപ്പെടുവിക്കും.
പാരിസ്ഥിതിക അനുമതി ഉറപ്പായ സാഹചര്യത്തിലാണിത്. നിര്‍മ്മാണത്തിനുളള എഞ്ചിനീയറിങ്ങ് പ്രൊക്യുര്‍മെന്റ് കണ്‍സ്ട്രക്ഷനും പദ്ധതിയ്ക്ക് വേണ്ടിയുളള സ്വകാര്യപങ്കാളിയെ കണ്ടെത്തുന്നതിനും അടക്കമുള്ള ടെണ്ടറാണ് ഇന്ന് പുറപ്പെടുവിക്കുന്നത്.
മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കാതെ പദ്ധതി നടപ്പാക്കണമെന്നത് അടക്കമുള്ള 17 ഉപാധികളോടെയാണ് തുറമുഖത്തിന് അനുമതി നല്‍കണമെന്ന് അനില്‍ റസ്ദാന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച് വിദഗ്ധ സമിതി ഇന്നലെയാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് വനംപരിസ്ഥിതി മന്ത്രാലയമാണെന്ന് സമിതി അധ്യക്ഷന്‍ അനില്‍ റസ്ദാന്‍ പറഞ്ഞു.
പരിസ്ഥിതി പ്രത്യാഘാതം വിലയിരുത്തി തുറമുഖ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് വിദഗ്‌ധവിലയിരുത്തല്‍ സമിതി സപ്തംബറിലാണ് പരിശോധിക്കാന്‍ തുടങ്ങിയത്. 4000 പേജുള്ളതാണ് പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട്. 4010 കോടിരൂപയോളം ചെലവുവരുന്ന പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
വിഴിഞ്ഞത്തെ ടൂറിസം, മത്സ്യബന്ധനം, കടല്‍ത്തീരം തുടങ്ങിയവയെ തുറമുഖം എങ്ങനെ ബാധിക്കുമെന്നും അതിന്റെ പരിഹാരങ്ങളും വിദഗ്‌ധസമിതി വിലയിരുത്തി. പരിസ്ഥിതി അനുമതി ലഭിക്കുംമുമ്പേ പദ്ധതിപ്രദേശത്ത് ഒരു റോഡ് ഉണ്ടാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ക്ഷമാപണം നടത്തി. നിര്‍ദിഷ്ടതുറമുഖത്തേക്കുള്ള 600 മീറ്റര്‍ ദൂരം വരുന്ന അപ്രോച്ച് റോഡായിരുന്നു ഇത്. തീരദേശനിയന്ത്രണനിയമപ്രകാരം ഇതിന് അനുമതി വേണ്ടിയിരുന്നു. എന്നാല്‍ 'ഇത് മുന്‍സര്‍ക്കാറിന് സംഭവിച്ച ഒരു പിഴ'യായാണ് വിശദീകരിച്ചത്.
തീരദേശ നിയമലംഘനം തെളിഞ്ഞാല്‍ പദ്ധതിയുടെ അനുമതി പരിഗണിക്കുന്നത് അറുപത് ദിവസത്തേക്ക് നീട്ടിവെക്കാം. ഇത് മനസ്സിലാക്കിയ സര്‍ക്കാര്‍ കഴിഞ്ഞദിവസം അടിയന്തരമായി തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് റോഡുവെട്ടിയതിന് മാപ്പുചോദിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു. നിയമലംഘനമുണ്ടായാല്‍ അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഇതുസംബന്ധിച്ച നിയമത്തില്‍ വകുപ്പുണ്ട്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയത്.